വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികള്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജിലെ വനഭൂമിയില്‍നിന്ന് ഈട്ടിമരം മുറിച്ചു കടത്തിയ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. റിസര്‍വ് മരങ്ങളാണ് പ്രതികള്‍ മുറിച്ചു നീക്കിയതെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
റിസര്‍വ് വനപ്രദേശത്ത് നിന്നുമല്ല മരങ്ങള്‍ മുറിച്ചതെന്നും, പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. വനം വകുപ്പിന്റെ ഉള്‍പ്പെടെ അനുമതി വാങ്ങിയാണ് മരങ്ങള്‍ മുറിച്ചതെന്നും, അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികള്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണ് വെട്ടിയതെന്നും അതു വനഭൂമിയല്ലെന്നുമായിരുന്നു വില്ലേജ് ഓഫിസറുടെ രേഖകള്‍ സമര്‍പ്പിച്ച് പ്രതികള്‍ അവകാശപ്പെട്ടത്.