വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ വാക്സീന്റെ കണക്കുകളും മന്ത്രി എം പിമാര്‍ക്ക് കാണിച്ചു കൊടുത്തു. കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ പത്ത് ലക്ഷം വാക്സീനുകള്‍ എന്ത് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനത്തെ വാക്സീന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എം പിമാര്‍ നിവേദനം നല്കാന് ചെന്നപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ടി എന്‍ പ്രതാപനും ഹൈബി ഈഡനും പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ കോവിഡ് വാക്സീന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം പിമാര്‍ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ വാക്സീന്റെ കണക്കുകളും മന്ത്രി എം പിമാര്‍ക്ക് കാണിച്ചു കൊടുത്തു. പത്തു ലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സീന് നല്കാന് തയ്യാറാണെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം പിമാര്‍ പറഞ്ഞു. ആരോഗ്യസംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തില്‍ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്തെന്ന് മന്ത്രി എം പിമാരോട് ആരാഞ്ഞു.
രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ടുചെയ്ത സംസ്ഥാനമാണ് കേരളമെന്നും ഇപ്പോഴും കേസുകള്‍ അധികമാണെന്നും എം പിമാര്‍ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിന്റെ പേരില്‍ അടച്ചിടുന്ന നടപടി എക്കാലത്തേക്കും പ്രായോഗികമല്ല. വാക്സിനേഷന് കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മതിയായ വാക്സീന് നല്കി സംസ്ഥാനത്തെ സഹായിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി എം പിമാര്‍ പറഞ്ഞു.