കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കുണ്ടറ പീഡന കേസിലെ പരാതിക്കാരി. ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കിയത്.
അതേസമയം, തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേസില്‍ ആരോപണവിധേയനായ എന്‍.സി.പി മുന്‍ സംസ്ഥാന നേതാവ് ജി. പത്മാകരന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരി വിരോധം ഉള്ളവര്‍ക്കെതിരെ സമാനപരാതി മുന്‍പും നല്‍കിയിട്ടുണ്ട്. തന്നോടുള്ള രാഷ്ട്രീയ വിരോധം കാരണമാണ് അടിസ്ഥാനവിരുദ്ധമായ പരാതി നല്‍കിയത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ് അടക്കം ഏതു പരിശോധനയ്ക്കും തയാറാണെന്നും ജി. പത്മാകരന് പരാതിയില്‍ പറയുന്നു.