കൊച്ചി: കേരളം വിട്ട് പോകുന്നത് ഇഷ്ടമുണ്ടായിട്ടല്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നും കിറ്റക്സ് എംഡി സാബു ജേക്കബ്. ഒരു വ്യവസായിക്ക് വേണ്ടത് മനഃസമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു. നിക്ഷേപ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാനായി തെലങ്കാനയിലേക്ക് പേകുന്നതിനു മുൻപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല. സംസ്ഥാന സർക്കാരിൽനിന്ന് ഒരാൾ പോലും എന്നെ വിളിച്ചിട്ടില്ല. പക്ഷേ ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നെ വിളിച്ചു. തെലങ്കാന സർക്കാർ ചർച്ചയ്ക്ക് വരാനായി പ്രൈവറ്റ് ജെറ്റ് അയച്ചിരിക്കുന്നു. നമ്മുടെ അന്യ സംസ്ഥാനങ്ങൾ അതിവേഗം മാറി. പക്ഷേ, കേരളം ഇപ്പോഴും 5 വർഷം പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് എന്റെ മാത്രം പ്രശ്നമായിട്ട് കരുതരുത്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്നമാണ്. സർക്കാരിന്റെ ചിന്താഗതിയിൽ മാറ്റം വന്നില്ലെങ്കിൽ കേരളം വലിയൊരു ആപത്തിലേക്ക് പോകും. എനിക്കൊന്നും സംഭവിക്കാനില്ല, കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം. കേരളത്തില്‍ ഒട്ടനവധി വ്യവസായികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇനിയൊരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജനുവരില്‍ കൊച്ചിയില്‍ നടന്ന അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി കിറ്റെക്സ് ചെയര്മാന് സാബു ജേക്കബ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി അറന്നൂറോളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്നതും അയ്യായിരം പേര്‍ക്കു വീതം തൊഴില്‍ ലഭിക്കുന്നതുമായ മൂന്ന് വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാനായിരുന്നു സര്‍ക്കാരുമായി കിറ്റെക്സ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. അപ്പാരല്‍ പാര്‍ക്കിനു സ്ഥലം എടുത്ത് വിശദമായ രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും മറ്റ് തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. 2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, നിലവിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ധാരണാ പത്രത്തില്‍നിന്നു പിന്നോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കവേ സാബു ജേക്കബ് പറഞ്ഞത്.