കൊട്ടാരക്കര : തദ്ദേശ സഹകരണ സ്ഥാപനങ്ങൾ സംയുക്തമായി കർഷകർക്ക് കൂടുതൽ വരുമാനം കിട്ടാനുതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
വിഷരഹിതമായ നാടൻ പച്ചക്കറികളും പഴങ്ങളും ന്യായവിലയ്ക്ക് നൽകുന്ന പാലരുവി ഗ്രാമവിപണി കൊട്ടാരക്കരയിലെ ഇഞ്ചക്കാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കാർഷിക മേഖലയിൽ നൂതനവും ഫലപ്രദവുമായ ഇടപെടൽ നടത്തുന്നതിന് സഹകരണ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്മാർട്ട് കൃഷിഭവനുകൾ സ്ഥാപിക്കുന്നതിലൂടെയും കർഷകർക്ക് ന്യായമായ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ അഡ്വ.ബിജു.കെ.മാത്യു അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപ്പന മൈലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു.ജി.നാഥ് നിർവ്വഹിച്ചു.നബാർഡ് ഡി.ഡി.എം.ടി.കെ.പ്രേംകുമാർ ,കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി.ഇന്ദു കുമാർ, എൻ.ബേബി, എസ്.രഞ്ജിത്ത് കുമാർ, ആർ.രാജേഷ്, ബി. മിനി തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യാ ഗുഡ് അഗ്രിക്കൾച്ചറൽ പ്രാക്ടീസിൻ്റെ ഗുണനിലവാര നിബന്ധനകൾ (ഇൻഡ് ഗ്യാപ് സ്റ്റാൻഡേർഡ് ) പ്രകാരമുള്ള ഉത്പ്പന്നങ്ങങ്ങളാണ് ഗ്രാമവിപണിയിൽ ലഭിക്കുന്നത്.
തനി നാടൻ ഏത്തക്കുല, ചേനത്തണ്ട്, വാഴക്കുമ്പ്, മുരിങ്ങക്ക, തക്കാളി തുടങ്ങി റംബൂട്ടാൻ വരെ വിപണിയിൽ വില്പനയ്ക്കെത്തിയിട്ടുണ്ട്. കൃഷിയ്ക്കാവശ്യമായ വിത്തും തൈകളും മറ്റ് സാമഗ്രികളും ഇവിടെത്തന്നെയുണ്ട്.
നബാർഡിൻ്റെ സഹായത്തോടെ തിരഞ്ഞെടുത്ത 300 കർഷകർക്ക് പ്രത്യേക പരിശീലനം നൽകിയാണ് കൃഷിയിറക്കിയത്. കേരളാ ബാങ്ക് വഴി കുറഞ്ഞ പലിശയ്ക്ക് വായ്പയും നൽകി. ഉത്പ്പന്നങ്ങൾക്ക് കർഷകൻ പ്രതീക്ഷിക്കുന്ന വില കിട്ടും വിധമാണ് വിപണി സംവിധാനം.
എം.സി.റോഡിൻ്റെ അരികിലാണ് ഇൻഡ് ഗ്യാപ് സ്റ്റാൻഡേർഡ് പൂർണ്ണമായി പാലിക്കുന്ന പാലരുവി ഗ്രാമ വിപണി.
ഹോം ഡെലിവറിക്കായി പാലരുവി ആപ്പും സജ്ജമാക്കിയിട്ടുണ്ട്.
.
