മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി യുവാവ് 21 വയസുകാരിയെ കുത്തിക്കൊന്നു. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി കെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീ (13)യെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ആരോപണം. കൊലപാതകത്തിനുശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവര്‍ നേരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.