മുട്ടില്‍: മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് കേസില്‍ കുറ്റാരോപിതരായ ആളുകളുടെ സ്ഥലത്ത് അന്വേഷണ സംഘം പ്രാഥമിക തെളിവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള 22 അംഗ അന്വേഷണ സംഘമാണ് തെളിവെടുപ്പിനെത്തിയത്. ഇന്നലെ മുറിച്ച് മാറ്റപ്പെട്ട മരങ്ങളില്‍ ആറെണ്ണത്തിന്റെ തെളിവുകളാണ് സംഘം ശേഖരിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പരിശോധനയെന്ന് ഡിവൈ.എസ്.പി വി.വി ബെന്നി സുപ്രഭാതത്തോട് പറഞ്ഞു. കേസില്‍ റവന്യു വകുപ്പ് 68 ആളുകളുടെ മേലാണ് കുറ്റമാരോപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ മാത്രമെ എത്രയാളുകള്‍ കേസില്‍ പ്രതികളാകുമെന്ന് വ്യക്തമാവൂ എന്നും ഡിവൈ.എസ്.പി അറിയിച്ചു. ആദിവാസികളെ കബളിപ്പിച്ചെന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
