ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും.
മുംബൈ: മഹാമാരിയായ കോവിഡിൽ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിൻ തെണ്ടുൽക്കർ. ‘മിഷൻ ഓക്സിജൻ’ പദ്ധതിയിലേക്ക് ആണ് സച്ചിൻ ഒരു കോടി രൂപ സംഭാവന ചെയ്തത്. ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും.
കോവിഡ് 19ന് എതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സച്ചിൻ പറഞ്ഞു. കോവിഡ് മുക്തി നേടിയവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ സച്ചിൻ നേരത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ 48ആം ജന്മദിനത്തിൽ ആയിരുന്നു സച്ചിൻ ഈ വീഡിയോ പങ്കുവെച്ചത്.
ഇപ്പോൾ സമൂഹത്തിനായി ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ സേവനം പ്ലാസ്മ ദാനം ചെയ്യുക എന്നതാണെന്നും കോവിഡ് ചികിത്സയിൽ ആയിരുന്നു കാലയളവിൽ ആരാധകർ നൽകിയ പിന്തുണ മറക്കാൻ കഴിയില്ലെന്നും സച്ചിൻ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
കോവിഡ് ബാധിതനായതിനു ശേഷമുള്ള അനുഭവങ്ങളും ആ വീഡിയോയിൽ സച്ചിൻ പങ്കു വെയ്ക്കുന്നു.
അതേസമയം, ഓരോ ദിവസം കഴിയുന്തോറും കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണ്. കഴിഞ്ഞദിവസം 3,79,257 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ രോഗികൾക്ക് ഓക്സിജനും നിർണായക മരുന്നുകളും നൽകാൻ ആശുപത്രികൾ പാടുപെടുന്നതിനാൽ പ്രതിസന്ധി കാരണം ആരോഗ്യസംരക്ഷണ സംവിധാനം തകർന്നു കൊണ്ടിരിക്കുകയാണ്
‘മിഷൻ ഓക്സിജന് സച്ചിൻ തെണ്ടുൽക്കർ നൽകിയ ഒരു കോടി രൂപ സംഭാവന, ആവശ്യമുള്ള സമയത്ത് രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ ജീവൻ രക്ഷിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭരിക്കുന്നതിനും നൽകുന്നതിനുമായി വിനിയോഗിക്കും.’ – മിഷൻ ഓക്സിജന്റെ പ്രസ്താവനയിൽ ഇങ്ങനെ വ്യക്തമാക്കുന്നു.
മഹാമാരിക്കെതിരായ പോരാട്ടത്തിന് ഐപിഎൽ ഫ്രാഞ്ചൈസികളായ രാജസ്ഥാൻ റോയൽസ്, ദില്ലി ക്യാപിറ്റൽസ് എന്നിവ യഥാക്രമം 7.5 കോടി, 1.5 കോടി രൂപ സംഭാവന ചെയ്തു. ഈ ആഴ്ച ആദ്യം ഓസ്ട്രേലിയയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേസർ പാറ്റ് കമ്മിൻസും ഇന്ത്യൻ ആശുപത്രികൾക്കായി ഓക്സിജൻ സാധനങ്ങൾ വാങ്ങുന്നതിന് 50,000 യുഎസ് ഡോളർ സംഭാവന നൽകിയിരുന്നു. കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ സഹായിക്കാൻ സച്ചിന്റെ സുഹൃത്തായ ബ്രെറ്റ് ലീയും സംഭാവന ചെയ്തു.