Anthony Hopkins becomes the oldest Oscar award winner in history | ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടുന്നത് രണ്ടാം തവണ
ലോസ് ഏഞ്ചലസിൽ നടന്ന ഓസ്കർ പുരസ്കാര പ്രഖ്യാപന വേളയിൽ ജേതാവായ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ്. 83-ാം വയസ്സിൽ ‘ദി ഫാദർ’ എന്ന സിനിമയിലെ മറവിരോഗം ബാധിച്ച വയോധികന്റെ പ്രകടനമാണ് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കർ നേടിക്കൊടുത്തത്. പുരസ്കാരം നേരിട്ടെത്തി സ്വീകരിക്കാൻ ആന്റണി ഹോപ്കിന്സിന് സാധിച്ചില്ല.
കോവിഡ് പശ്ചാത്തലത്തിൽ 93-ാം ഓസ്കർ പുരസ്കാര പ്രഖ്യാപനം കടുത്ത നിയന്ത്രണങ്ങളോടെയാണ് അരങ്ങേറിയത്. ഫ്ലോറിയൻ സെല്ലർ എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റേതാണ് ‘ദി ഫാദർ’. അതേപേരിലെ നാടകത്തെ അധികരിച്ചാണ് സിനിമ എടുത്തിരിക്കുന്നത്.
ഈ അവാർഡോടുകൂടി ആന്റണി ഹോപ്കിൻസ് ഓസ്കർ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ജേതാവ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ‘ബിഗിനേഴ്സ്’ എന്ന ചിത്രത്തിന് വേണ്ടി
2012ൽ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ക്രിസ്റ്റഫർ പ്ലമറിന്റെ റെക്കോർഡ് ആണ് ഹോപ്കിൻസ് ഭേദിച്ചത്. 82 വയസ്സായിരുന്നു അന്ന് പ്ലമറിന്റെ പ്രായം.
‘ദി സൈലെൻസ് ഓഫ് ദി ലാംബ്സ്’ എന്ന 1992 ചിത്രത്തിൽ ഹാനിബാൾ ലെക്ടർ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് ഹോപ്കിൻസ് മികച്ച നടനുള്ള ആദ്യ ഓസ്കർ പുരസ്കാരം നേടുന്നത്.
‘ദി റിമൈൻസ് ഓഫ് ദി ഡേ’, ‘നിക്സൺ’ തുടങ്ങിയ ചിത്രങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ അവതരിപ്പിച്ചതിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. സപ്പോർട്ടിങ് വേഷങ്ങൾ ചെയ്ത ‘ദി ടു പോപ്സ്’, ‘അമിസ്റ്റഡ്’ സിനിമകൾക്കും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
കേവലം രണ്ടാഴ്ചകൾക്കു മുൻപാണ് ബാഫ്റ്റ പുരസ്കാര വേദിയിലെ നേട്ടത്തിന് ഹോപ്കിൻസ് അർഹനായത്.
മികച്ച നടനുള്ള മത്സരത്തിനായി ഗാരി ഓൾഡ്മാൻ (മാൻക്), റൈസ് അഹമ്മദ് (ദി സൗണ്ട് ഓഫ് മെറ്റൽ), സ്റ്റീവൻ യുവെൻ (മിനാരി) എന്നിവരും രംഗത്തുണ്ടായിരുന്നു. യുവെൻ, അഹ്മദ് എന്നിവരുടെ സാന്നിധ്യം കൊണ്ട് ആദ്യമായാണ് രണ്ട് ഏഷ്യൻ നടന്മാരുടെ പേരുകൾ ഓസ്കർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നത്.
പുരസ്കാരം സ്വീകരിക്കാൻ ഹോപ്കിന്സിന് നേരിട്ടെത്താൻ സാധിക്കാതെ വന്നത് മാത്രമല്ല, അദ്ദേഹത്തിന് ആദരമായി ഒലിവിയ കോൾമാൻ ലണ്ടനിൽ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രസംഗവും ഉണ്ടായില്ല.
‘നൊമാഡ്ലാൻഡ്’ ചിത്രത്തിലെ പ്രകടനത്തിന് ഫ്രാൻസസ് മക്ഡോർമെൻഡ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു.
മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് അമേരിക്കൻ ഡ്രാമ ചിത്രമായ ‘നൊമാഡ്ലാൻഡ്’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക ക്ളോയി ഷാവോ മികച്ച സംവിധായികയ്ക്കുള്ള പുരക്സാരവും കരസ്ഥമാക്കിയിരുന്നു.
Summary: Anthony Hopkins has been chosen for the best actor award at the 93 Academy Awards held in Los Angeles. He bagged the award at the age of 83, becoming the oldest recipient in the Oscars history. The award comes for his portrayal of a dement in the movie ‘The Father’