സെക്ടറൽ മജിസ്ട്രേറ്റിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആക്ഷേപിക്കുകയും അത് തടയാൻ വന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.കൊട്ടാരക്കര അണ്ടൂർ തോട്ടത്തിൽ കടവിൽ ഷാജി മകൻ ബിപിൻ ആണ് അറസ്റ്റിൽ ആയത്.ഇന്നലെ ഉച്ചക്ക് 3 മണിയോടുകൂടി ആയിരുന്നു സംഭവം. സർക്കാർ നിർദേശ പ്രകാരം സെക്ടറൽ മജിസ്ട്രേറ്റ് ആയി നിയമിക്കപ്പെട്ട KIP യിലെ വനിതാ എഞ്ചിനീയർ പോലീസുമൊത്തു പുനലൂർ ടൗണിൽ പരിശോധന നടത്തുകയായിരുന്നു. നെല്ലിപ്പള്ളി പെട്രോൾ പമ്പിൽ നടത്തിയ പരിശോധനയിൽ പമ്പിലെ ഒരു സ്റ്റാഫ് മാസ്ക് ധരിക്കാതെ എണ്ണ അടിക്കുന്നതായി കണ്ടു. തുടർന്ന് സെക്ടറൽ മജിസ്ട്രേറ്റ് ഇയാളോട് പിഴ ഒടുക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെട്ടു. ഇയാൾ വനിതാ ഉദ്യോഗസ്ഥയുമായി വാക്ക് തർക്കം ഉണ്ടാകുകയും കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തു എത്തി. ഇവരെയും യുവാവ് ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തു . തുടർന്ന് പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. താൻ മിലിട്ടറി റിക്രൂട്മെന്റ് ട്രെയിനിങ്ങിൽ ആണെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും യുവാവ് ഉറക്കെ വിളിച്ച് പറഞ്ഞു എന്ന് സംഭവം കണ്ടു നിന്നവർ പറഞ്ഞു. സെക്ടറൽ മജിസ്ട്രേറ്റിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പോലീസിനെ കയ്യേറ്റം ചെയ്തതിനും ഇയാൾക്കെതിരെ കേസ് എടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
