കോവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ ബാധിക്കുന്നുണ്ടെന്നും മഹാമാരിക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
സംസ്ഥാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കോവിഡിന്റെ ഒന്നാം തരംഗത്തിനെതിരെയുള്ള ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം നമ്മുടെ കൂട്ടായ ശ്രമങ്ങളും തന്ത്രങ്ങളുമാണ്’ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ നിറവേറ്റുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം ഏകോപിപ്പിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടാതെ ഓക്സിജന്റെയും മരുന്നുകളുടെയും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പരിശോധിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും സംസ്ഥാനത്തിനുവേണ്ടിയുള്ള ഓക്സിജന്‍ ടാങ്കറുകള്‍ കുടുങ്ങുകയോ തടസ്സപ്പെടുകയോ ചെയ്യുന്നില്ലെന്ന് സംസ്ഥാനങ്ങല്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിവിധ ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിനായി സംസ്ഥാനത്ത് ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്ര സര്‍ക്കാര്‍ ഓക്സിജന്‍ അനുവദിച്ചാലുടന്‍ വിവിധ ആശുപത്രികളിലേക്ക് ഓക്സിജന്‍ ആവശ്യാനുസരണം എത്തുന്നുണ്ടെന്ന് സമിതി ഉറപ്പാക്കണം പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം മെഡിക്കല്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ഓക്സിജന്‍ വിതരണം തടയുന്നതായി ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവ് ലംഘിച്ചാല്‍ ബന്ധപ്പെട്ട പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും ഉത്തരവാദികളായിരിക്കും. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ മെഡിക്കല്‍ ഓക്സിജന്‍ വിതരണം ചില സംസ്ഥാനങ്ങള്‍ തടഞ്ഞുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല 2005ലെ ദുരന്തനിവാരണ നിയമം പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഓക്സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. അതേസമയം വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോവിഡ് 19 മിതമായതും കഠിനമായതും കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സുപ്രധാന ആവശ്യമാണ് മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത. ഓക്സിജന്‍ വിതരണത്തില്‍ സംസ്ഥാനങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഭല്ല പറഞ്ഞു. രാജ്യത്തുടനീളം മെഡിക്കല്‍ ഓക്സിജന്റെ വിതരണം തടസ്സമില്ലാതെ നടത്തുന്നതിന് ഡിസാസ്റ്റാര് മനേജ്മെന്റ് ആക്ടിന്റെ സെക്ഷന്‍ പ്രകാരം കേന്ദ്രഭരണ-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.