മഹാരാഷ്ട്രയിലാണ് പുതിയ കോവിഡ് രോഗികളിൽ 22.74 ശതമാനവും.
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വർധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,761 പേരാണ്. ആശുപത്രികളിലായിരുന്ന കോവിഡ് രോഗികളിൽ 1,54,761 പേർ ഇന്നലെ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 58,924 ആണ്. ഉത്തർപ്രദേശ്- 28,211, ഡൽഹി-23,686, കർണാടക-15,785, ഛത്തീസ്ഗഢ്013,834 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് രോഗികളിൽ 54.2 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് പുതിയ കോവിഡ് രോഗികളിൽ 22.74 ശതമാനവും.
അതേസമയം, കേരളത്തിൽ ഇന്നലെ 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.