ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസ താരവും സൺറൈസേഴ്സ് ഹൈദരാബാദ് സ്പിൻ കോച്ചുമായ മുത്തയ്യ മുരളീധരൻ ആശുപത്രിയിൽ. ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഞ്ചിയോപ്ലാസ്റ്റിക്കായാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ പരിശീലകനായ മുത്തയ്യ മുരളീധരൻ ഐപില്ലിനായാണ് ചെന്നൈയിൽ എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത് മുത്തയ്യ ടീമിനൊപ്പം ചേരുമെന്ന് എസ്ആർഎച്ച് ടീം വക്താക്കൾ അറിയിച്ചു.
ഐപിഎല്ലിന് എത്തുന്നതിന് മുമ്പ് തന്നെ ഹൃദയത്തിലെ ബ്ലോക്കിനെ തുടർന്ന് മുത്തയ്യ ശ്രീലങ്കയിൽ വൈദ്യ സഹായം തേടിയിരുന്നു. ഗുരുതര പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ നിർദേശത്തെ തുടർന്നാണ് മത്സരത്തിനായി ഇന്ത്യയിൽ എത്തിയത്.
എന്നാൽ, ചെന്നൈ അപ്പോളോ ആശുപത്രിയിൽ തുടർ ചെക്കപ്പിനായി എത്തിയപ്പോഴാണ് ഡോക്ടർമാർ ആഞ്ചിയോപ്ലാസ്റ്റി ആവശ്യമാണെന്ന് അറിയിച്ചത്. ഇതോടെ താരത്തെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
മുത്തയ്യയുടെ ആരോഗ്യനില പൂർണമായും തൃപ്തമാണെന്നും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നും എസ്ആർഎച്ച് സിഇഒ ശൺമുഖാനന്ദൻ അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ചച്ചയാണ് മുരളിക്ക് 49 വയസ്സ് പൂർത്തിയായത്.
ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മുരളി എന്ന മുത്തയ്യ മുരളീധരൻ. 2002ൽ വിസ്ഡൻ ക്രിക്കറ്റേർസ് അൽമനാക്ക് ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും ഇദ്ദേഹമാണ്.
ഗോളിൽ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്.
ശ്രീലങ്കയ്ക്ക് വേണ്ടി, 133 ടെസ്റ്റ് മത്സരങ്ങളിലും 350 ഏകദിനങ്ങളിലും 12 ടി-20 യിലും മത്സരിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 534 വിക്കറ്റുകളാണ് താരം നേടിയത്. ടി-20 കളിൽ 13 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.