പ്രതിദിന കോവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാത്രം 18021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
ലക്നൗ: കോവിഡ് മുൻകരുതൽ എന്ന നിലയിൽ സ്വയം ഐസലേറ്റ് ചെയ്ത് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐസലേറ്റ് ചെയ്യുകയാണെന്ന് യോഗി അറിയിച്ചത്. ഈ വിവരം ട്വീറ്റ് വഴി മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്.
‘ഞാനുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലയിൽ സ്വയം ഐസലേറ്റ് ചെയ്യുകയാണ്. എല്ലാ ജോലികളും ഡിജിറ്റൽ രീതിയിൽ പൂർത്തിയാക്കും’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം സജീവമായിരുന്നു യോഗി ആദിത്യനാഥ്. ഈ മാസം ആദ്യം അദ്ദേഹം കോവിഡ് വാക്സിന്റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെയാണ് നിലവിൽ ഐസലേഷനിൽ പ്രവേശിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം ഒരുലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രതിദിന കോവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാത്രം 18021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 85 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 9309 കോവിഡ് മരണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് കോവിഡ് പ്രതിദിനകണക്കിൽ മുന്നിൽ നില്ക്കുന്ന മഹാരാഷ്ട്രയിൽ ഇന്നലെ 60,212 കേസുകളും 281 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പതിനഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ നിരോധനാജ്ഞ ഏർപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് അറിയിച്ചത്.