ഡൽഹി: ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ഇന്ത്യയിൽ ഇതുവരെ 400 പേരെ ബാധിച്ചതായി കേന്ദ്രസർക്കാർ.
ഇതിൽ 158 കേസുകൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് നാലിലെ കണക്കനുസരിച്ച് അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
പുതിയ വൈറസ് വകഭേദങ്ങൾ കൂടുതൽ മാരകമാണ്. ഉയർന്ന വ്യാപനശേഷി ഉള്ളത് കൊണ്ട് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാർസ് കൊറോണ വൈറസ്-2 ബാധിച്ചവരെ വീണ്ടും രോഗികളാക്കാൻ ഈ പുതിയ വൈറസ് വകഭേദങ്ങൾക്ക് ശേഷിയുള്ളതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൗബ രാജ്യസഭയിൽ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ചാണ് അശ്വനി ചൗബ സഭയിൽ മറുപടി നൽകിയത്.
പുതിയ വൈറസ് വകഭേദം വീണ്ടും ബാധിച്ച കേസുകൾ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിസംബർ 29ന് ബ്രിട്ടനിൽ നിന്ന് രാജ്യത്ത് എത്തിയ ആറുയാത്രക്കാരിലാണ് ആദ്യമായി പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്.