ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ പരേഡിന് ശേഷം 14 കർഷകരെ കാണാനില്ലെന്ന് കർഷക സംഘടനകൾ.
ഇവർ കസ്റ്റഡിയിലോ ജയിലിലോ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ലക്ഷത്തിലധികം കർഷകർ ട്രാക്ടറുകളിലും നടന്നും ദില്ലിക്കുള്ളിലേക്ക് കയറി. ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കർഷകരുടെ പട്ടികയാണ് ദില്ലി പൊലീസിൻറെ കയ്യിലുള്ളത്. ഇതിൽ നൂറിലധികം പേർ ജാമ്യത്തിലിറങ്ങി.
മറ്റുള്ളവർ തീഹാർ ജയിലിലുണ്ട്. കാണാതായ കർഷകരുടെ പേരുകൾ ദില്ലി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവർ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇവർ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല.
വ്യത്യസ്ത ഇടങ്ങളിൽ നിന്നുപോയ 14 കർഷകരുടെ മൊബൈൽ ഫോണുകൾ ഒരുപോലെ പ്രവർത്തിക്കാത്തത് ദുരൂഹമാണെന്ന് കർഷക നേതാക്കൾ പറഞ്ഞു. കാണാതായ 14 പേരും പഞ്ചാബ് സ്വദേശികളാണ്.
വീടുകളിലും എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ദില്ലി പൊലീസിനെ സമീപിച്ചിട്ടുണ്ട്.