ചങ്ങനാശ്ശേരി : ഇടത് സർക്കാറിനെതിരെ വിമർശനവും ഭീഷണിയുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഇന്നത്തെ ഭരണകർത്താക്കൾ അവർക്കാവശ്യമുള്ളപ്പോൾ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അവസരം കിട്ടുമ്ബോഴെല്ലാം അവഗണിക്കാൻ ശ്രമിക്കുകും. കഴിഞ്ഞ ദിവസം ദേശാഭിമാനി ത്രത്തിൽ വന്ന ലേഖനവും, സത്യഗ്രഹ സമരസ്മാരകത്തിൽനിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവും ഇതിന് ഉദാഹരണമാണ്. ഇടത് സർക്കാറിന്റെ ഈ ഇരട്ടത്തപ്പ് എൻ എസ് എസും മന്നത്തിന്റെ ആരാധകരും തിരിച്ചറിയുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
ഗുരുവായൂർ സത്യഗ്രഹ സമരസ്മാരകം നിർമിച്ച് 2018 മെയ് എട്ടിന് ഉദ്ഘാടനം ചെയ്തപ്പോൾ മന്നത്തുപത്മനാഭനെ ഓർമിക്കാനോ, സ്മാരകത്തിൽ പേരുചേർക്കാനോ സർക്കാർ തയ്യാറാകാതിരുന്നത് അധാർമികവും ബോധപൂർവമായ അവഗണനയും ആയിത്തന്നെ കാണേണ്ടിയിരിക്കുന്നു.
വൈക്കം സത്യാഗ്രഹം, ‘സവർണജാഥ’, ഗുരുവായൂർ സത്യാഗ്രഹം, അവർണ്ണരുടെ ക്ഷേത്രപ്രവേശനം തുടങ്ങിയ നവോത്ഥാനപ്രവർത്തനങ്ങളിൽ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ചരിത്രപ്രസിദ്ധമാണ്.തൊട്ടുകൂടായ്മ, തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്ക് എതിരായി നടത്തിയ സമരമാണ് ഗുരുവായൂർ സത്യഗ്രഹം. ഹൈന്ദവ ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഗുരുവായൂർസത്യാഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും സുകുമാരൻ നായർ ലേഖനത്തിൽ പറഞ്ഞു.