ഈരാറ്റുപേട്ട : നഗരസഭ കൗൺസിലറും സി.പി.എം പാർലമെൻററി പാർട്ടി നേതാവുമായ അനസ് പാറയിലിനെ നഗരസഭ കൗൺസിൽ ഹാളിൽനിന്ന് വലിച്ചിഴച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അനസിനെ പാലാ ജനറൽ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.
നടുവിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പ്രാഥമികനിഗമനം. ജനുവരി 24ന് തെക്കേക്കരയിൽ പൊലീസുമായി ഒരുവിഭാഗം പ്രദേശവാസികൾ ഏറ്റുമുട്ടിയ സംഭവത്തിൽ കൗൺസിലർ എന്ന നിലയിൽ ഇടപെട്ട അനസിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ജില്ല കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്നാണ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.
രാവിലെ 10ന് കൗൺസിൽ ചേർന്നുകൊണ്ടിരിക്കെ ഒരുസംഘം പൊലീസ് എത്തി സിനിമ മോഡലിലായിരുന്നു അറസ്റ്റ്. സ്റ്റേഷനിൽ ഹാജരാക്കാമെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടും വകവെക്കാതെ നടയിലൂടെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ചതിനെത്തുടർന്ന് നിരവധി സി.പി.എം പ്രവർത്തകർ സമീപത്തെ റോഡിൽ ഒത്തുകൂടി. പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.