സിദ്ധി: മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി സംശയമുയർന്നിട്ടുണ്ട്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 560 കിലോമീറ്റർ അകലെയുള്ള സിദ്ധി ജില്ലയിലാണ് അപകടം. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഒരു പാലത്തിൽ നിന്ന് കനാലിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 54 യാത്രക്കാർ ബസ്സിലുണ്ടായിരുന്നതായി എൻഡിടിവി റിപോർട്ട് ചെയ്തു. 20ഓളം പേരെ കാണാതായതായാണു പ്രാഥമിക നിഗമനം. സിദ്ധിയിൽ നിന്നു സത്നയിലേക്കുള്ള ബസ്സാണ് അപകടത്തിൽ പെട്ടത്. ഏഴു പേരെ രക്ഷപ്പെടുത്തിയതായി റിപോർട്ടുണ്ട്. ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കാനിരുന്ന സംസ്ഥാന സർക്കാരിന്റെ പ്രധാന പരിപാടി റദ്ദാക്കി.
