തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് ആരംഭിക്കും. അന്ന് രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക. ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം പ്രശസ്ത ചലച്ചിത്രതാരം നെടുമുടി വേണുവിന് നൽകും. കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിർവ്വഹിക്കും.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഇത്തവണ ഉത്സവ ചടങ്ങുകൾ. ഫെബ്രുവരി 27നാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങൾ അവരവരുടെ വീടുകളിൽ പൊങ്കാല അർപ്പിക്കണമെന്നും പൊങ്കാല നേദിക്കാൻ ക്ഷേത്രത്തിൽ നിന്നും ശാന്തിമാരുണ്ടാകില്ലെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.