ഹൈദരാബാദ്: ഭർതൃപിതാവുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ പ്രകോപിതയായ യുവതി മകനെ കൊന്നു. ഹൈദരാബാദിലെ രാമണ്ണഗുഡയിൽ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർതൃപിതാവിനോട് പുക വലിക്കരുതെന്ന് പറഞ്ഞിട്ടും ഇത് കേൾക്കാതെ പിന്നെയും പുകവലി തുടർന്നതാണ് വാക്കുതർക്കത്തിലും ഒടുവിൽ കൊലപാതകത്തിലും കലാശിച്ചത്.സംഭവത്തിൽ പരമേശ്വരി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരമേശ്വരിയും ശിവകുമാറും 5 വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇരുവർക്കും 2 മക്കളുമുണ്ട്. ചൊവ്വാഴ്ച ശിവകുമാർ ജോലിക്ക് പോയതിന് ശേഷം ഭർതൃപിതാവായ വെങ്കടയ്യയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. വെങ്കടയ്യയുടെ പുകവലിയായിരുന്നു വാക്കുതർക്കത്തിന് കാരണം. തുടർന്ന് ദേഷ്യം വന്ന യുവതി തന്റെ രണ്ട് വയസ്സുകാരൻ മകൻ ധനുഷിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവ സമയത്ത് യുവതി അമിതമായി മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
