ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്ര യിലും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനമാണ്. കേരളത്തിൽ 11.2 ശതമാനമാണ്.
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം എത്തിയിരുന്നു. സംഘം നാളെ കോട്ടയം, കോഴിക്കോട് ജില്ലകളും സന്ദർശിക്കും. തുടർന്ന് തിരുവനന്തപുരത്തെത്തി ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. രുചി ജെയിൻ, ഡോ. രവീന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. രാജ്യത്ത് മറ്റിടങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞു. 46 ലക്ഷം ഡോസ് വാക്സിൻ നൽകി കഴിഞ്ഞതായും കൊവിഡ് മരണങ്ങൾ കുറഞ്ഞതായും കേന്ദ്രം വ്യക്തമാക്കി.