സര്‍ക്കാര്‍ ഓഫീസുകളും മാലിന്യമുക്തം
വയനാട് : ക്ലീന്‍ കേരളയുടെ ഭാഗമായി വയനാട് ജില്ലയില്‍ നിന്നും ഒരാഴ്ച കൊണ്ട് ശേഖരിച്ചത് 11 ടണ്‍ അജൈവ മാലിന്യങ്ങള്‍. വീടുകളിലും പരിസരങ്ങളിലേക്കും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളെ ഒരു കുടക്കീഴില് ഹരിതകേരള മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് അനുദിനം കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുടെ കണക്കുകള്‍ പുറത്ത് വന്നത്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ തോറും ഹരിതകര്‍മ്മ സേനകളെ നിയോഗിച്ചാണ് ക്ലീന്‍ കേരള കമ്പനി മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമങ്ങള്‍ തോറും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മികച്ച പിന്തുണയാണ് തുടക്കം മുതല്‍ ലഭിക്കുന്നത്.

ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ വില നല്‍കിയാണ് ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുക. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം തരം തിരിക്കാന്‍ ക്ലീന്‍ കേരള കമ്പനി പരിശീലനം നല്കുന്നു. തരം തിരിക്കുന്ന അജൈവ മാലിന്യം വില നല്കി ഏറ്റെടുക്കും. ഹരിത കര്‍മ്മ സേനയ്ക്ക് ഇതുവഴി വരുമാനമുണ്ടാക്കാം. മാലിന്യ ശേഖരണത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കാനും ഇതുവഴി കഴിയും. ജില്ലയില്‍ 17 ഗ്രാമ പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും ആദ്യഘട്ടത്തില്‍ ക്യാമ്പെയിനിന്റെ ഭാഗമായി. 11 ടണ്‍ അജൈവ മാലിന്യം ക്ലീന്‍ കേരള കമ്പനി വില നല്കി ശേഖരിച്ചു. ഇതൊരു തുടര്‍പ്രവര്‍ത്തനമായി മുന്നോട്ട് പോകാനാണ് ഹരിത കേരളം മിഷന് തീരുമാനം.
സര്‍ക്കാര്‍ ഓഫീസുകളും മാലിന്യമുക്തം

ഹരിത കേരളം മിഷനും ശുചിത്വമിഷനും മുന്‍കൈയ്യെടുത്ത് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിനുള്ള ഗ്രീന്‍ ഓഫീസ് പദ്ധതിക്കും മികച്ച പ്രതികരണം. ജില്ലയിലെ 400 ഓഫീസുകളിലാണ് ഹരിത ഓഡിറ്റ് നടത്തിയത്. 38 ജില്ലാതല ഓഫീസുകള്‍ക്ക് 70 ന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. 23 താലൂക്കുതല ഓഫീസുകളും 3 നഗരസഭകളും 4 ബ്ലോക്ക് പഞ്ചായത്തുകളും 19 ഗ്രാമ പഞ്ചായത്തുകളുമാണ് ആദ്യ ഘട്ടത്തില്‍ യോഗ്യത നേടിയത്. നാളെ (ചൊവ്വ) റിപ്ലബ്ലിക് ദിനത്തില്‍ ഇവര്‍ക്ക് ഗ്രേഡ് പദവിയും സര്‍ട്ടിഫിക്കറ്റും നല്‍കും. 40 പരിശോധന സമിതികള്‍ രൂപീകരിച്ച് ഇവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ജില്ലാതല ഓഫീസുകള്‍, താലൂക്കുതല ഓഫീസുകള്‍ , നഗരസഭ ഓഫീസുകള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍, ഓരോ ഗ്രാമ പഞ്ചായത്ത് പരിധിയിലുമുള്ള 10 ഓഫീസുകള്‍, മുന്‍സിപ്പല്‍ പരിധിയിലുള്ള 20 ഓഫീസുകള്‍ എന്നിവ ഹരിത ഓഡിറ്റിന് വിധേയമാക്കി.
പരിശോധനയില്‍ 70 മുതല്‍ 100 വരെ മാര്‍ക്ക് നേടുന്ന ഓഫീസുകളെ എ, ബി, സി ഗ്രേഡുകളുള്ള ഹരിത ഓഫീസായി പ്രഖ്യാപിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. 70 മാര്‍ക്കിന് താഴെ നേടിയ ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് പദവിയും ഗ്രേഡും സര്‍ട്ടിഫിക്കറ്റും നല്‍കില്ല. ഇവര്‍ക്ക് 15 ദിവസത്തെ കാലാവധി നിശ്ചയിച്ച് നല്കി പുന:പരിശോധന നടത്തി യോഗ്യത നേടാവുന്നതാണ്. 90 മുതല്‍ 100 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡ് , 80 മുതല്‍ 89 വരെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് ബി ഗ്രേഡ്, 70 മുതല്‍ 79 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് സി ഗ്രേഡ് എന്നിങ്ങനെയാണ് നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നതിന്റെ ഭാഗമായി ഓഫീസുകളുടെയും മുഖം മാറുകയാണ്.
പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍

സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയാണ് വയനാട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ , സന്നദ്ധ സംഘടനകള്‍ , പൊതു സ്ഥാപനങ്ങള്‍ , വകുപ്പുകള്‍ , വ്യക്തികള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെ തദ്ദേശീയമായി വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും നട്ടുവളര്‍ത്തി ചെറുവനങ്ങള്‍ സൃഷ്ട്ടിച്ചാണ് വയനാട് മുന്നേറിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ പച്ചത്തുരുത്തുകളുടെ പരിപാലനവും ഉറപ്പ് വരുത്തുന്നു. ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 18.66 ഏക്കറില്‍ 33 പച്ചത്തുരുത്തുകള്‍ ഇതിനകം യാഥാര്‍ത്യമായി. സംസ്ഥാന ഐ. ടി. മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ചു ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം , വിസ്തൃതി , തൈകള്‍ , ഇനം , എണ്ണം തുടങ്ങിയ വിവരങ്ങള്‍ അടയാളപെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. മാലിന്യമുക്തവും ഹരിതാഭവുമായ നാടിനായുള്ള ഹരിത കേരള മിഷന്, ശുചിത്വ മിഷന്, ത്രിതല പഞ്ചായത്ത് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ലക്ഷ്യം കാണുന്നത്.