കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫീഖ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന് അന്വേഷിക്കും. കാക്കനാട് ജയില്‍ സൂപ്രണ്ട് ജയില്‍ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. സി.സിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐ.ജി നാഗരാജു പറഞ്ഞു.
എറണാകുളം ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി ഷഫീഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷെഫീഖ് പൊലീസ് മര്‍ദ്ദനം മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
ഷഫീക്കിന് കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ഷഫീഖിനെ ജയിലില്‍ എത്തിക്കുമ്പോൾ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്നാണ് ഷഫീഖ് പറഞ്ഞത്. തിങ്കളാഴ്ച രാത്രി കാക്കനാട് എത്തിച്ച ഷഫീഖിനെ ക്വാറന്റീന് സെന്റര്‍ലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷം ഷെഫീക്കിന് അപസ്മാരം ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടങ്ങിയെത്തിയ ഷെഫീക്കിന് പിന്നീട് ച ര്ദില് അനുഭവപ്പെട്ടു. വീണ്ടും എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശപ്രകാരമാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.