തിരുവനന്തപുരം : കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തീയേറ്ററുകള്‍ നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. തമിഴ് ബിഗ്ബജറ്റ് ചിത്രമായ വിജയ്യുടെ ‘മാസ്റ്റര്‍’ ആണ് മിക്കയിടത്തും ഇന്ന് പ്രദര്‍ശിപ്പിച്ചത്. അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ നഗരത്തിലെ തീയേറ്ററുകള്‍ തുറന്നില്ല. കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചും മറ്റ് കൊവിഡ് നിബന്ധനകള്‍ പാലിച്ചും രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിച്ച ഫസ്റ്റ് ഷോയോടെ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ധാരാളം ജനങ്ങള്‍ ഇന്ന് വലിയ ആവേശത്തോടെയാണ് തീയേറ്ററുകളില്‍ എത്തിയത്. സംസ്ഥാനത്ത് ആകെ 670 സ്ക്രീനുകളാണുളളത്. ഇതില്‍ അഞ്ഞൂറെണ്ണത്തിലാണ് പ്രദര്‍ശനം തുടങ്ങിയത്. ഒരു ദിവസം മൂന്ന് ഷോകള്‍ മാത്രമാണുളളത്. ഇന്ന് പുതിയ മലയാളം ചിത്രങ്ങളൊന്നും റിലീസിനെത്തുന്നില്ല. അടുത്തയാഴ്ചയോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ പതിനൊന്നോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ജയസൂര്യ നായകനായ വെളളം, ഉണ്ണി ആറിന്റെ കഥയില്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത് അനശ്വര രാജന് മുഖ്യകഥാപാത്രമായ ‘വാങ്ക്’ എന്നിവയുള്‍പ്പടെ ചിത്രങ്ങള്‍ വരും ആഴ്ചകളില്‍ പ്രദര്‍ശനത്തിനെത്തും.
രണ്ട് മാസം മുന്‍പ് സിനിമ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും വിനോദ നികുതി വിഷയത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നത് വൈകുകയായിരുന്നു. നികുതിയില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തീയേറ്രറുകള്‍ തുറക്കാന്‍ വഴിതെളിഞ്ഞത്. ജനുവരി 5ന് കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തീയേറ്റര്‍ ഉടമകളും വിനോദ നികുതി ഒഴിവാക്കിയാല്‍ മാത്രമേ തുറക്കൂ എന്നറിയിച്ചതിനാല്‍ തുറക്കുന്നത് വൈകുകയായിരുന്നു.