തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഹൈക്കോടതി ഉത്തരവ് പ്രകാരം 5000 ആയി വര്‍ധിപ്പിച്ചു. ഇതിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
https://sabarimalaonline.org എന്ന വെബ്സൈറ്റില്‍ നിന്നും ഭക്തര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാന്‍ സാധിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം. എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഈ മാസം 26ന് ശേഷം വരുന്നവര്‍ക്ക് 48 മണിക്കൂറിനകം നടത്തിയ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണ്.