തൃശൂര്‍: സെന്‍ട്രല്‍ ജയിലുകളില്‍ ഇനി രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാര്‍ക്ക് പാട്ട് കേള്‍ക്കാം. പരിധിയില്ലാതെ വീട്ടുകാരെ ഫോണ്‍ വിളിക്കാം. ജയില്‍ ഡിജിപിയുടെതാണ് നിര്‍ദേശം. തടവുകാരുടെ ആത്മഹത്യ തടയാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടികളുടെ ഭാഗമായാണിത്.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസം തോന്നുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ മാസികകള്‍ വാങ്ങി വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യായാമം നിര്‍ബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്ബരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കും. വിമുഖത കാട്ടുന്നവരെ ഫോണ്‍ വിളിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നു.
ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് നടത്തും. ഇതിനായി സന്നദ്ധസംഘടനകളുമായി ആലോചിച്ച് പാനല്‍ ഉണ്ടാക്കണം. തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കണം. ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ജയിലുകളിലെ ആത്മഹത്യശ്രമത്തെ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മിഷന് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജയിലിലെ പൊതുധാരയില്‍ അംഗമാകാനും പിന്നീട് സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാനാകുംവിധം തടവുകാര്‍ക്ക് തുടര്‍ച്ചയായി മാനസികാരോഗ്യ പരിപാലനം നല്‍കണമെന്നതുമായിരുന്നു പ്രധാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് മാനസികപിന്തുണയും ആശ്വാസവും പകരുന്ന ബന്ധം വളര്‍ത്തിയെടുക്കാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ തടവുകാര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, കഴിവുതെളിയിക്കുന്ന പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. മാനസികാരോഗ്യചികിത്സ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കണം. ദീര്‍ഘകാല ശിക്ഷയുടെ ആഘാതം, പരോള്‍ നിഷേധിക്കപ്പെട്ടത്, ഏകാന്തതടവ്, രോഗാവസ്ഥ, മാനസികമായ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. വിയ്യൂര്‍ ജയിലില്‍ സമീപകാലത്ത് മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് തടവുകാര്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നു.