ഈരാറ്റുപേട്ട: സി.പി.എം പ്രവര്‍ത്തകനായ നൂറുസലാമിനെ ശനിയാഴ്ച നടുറോഡില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേകര തൈപ്പറമ്പ് കോളനിയിലെ താമസക്കാരായ അക്കു എന്ന ഷഹനാസ് (23), തൈപ്പറമ്പിൽ മുനീര്‍ (24), പറമ്പുകാട്ടില്‍ അല്‍ത്താഫ് (22) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് അരുവിത്തുറ കോളജ് പരിസരത്തായിരുന്നു സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന നൂര്‍ സലാമിനെ പിന്തുടര്ന്ന് വന്ന യുവാക്കള്‍ കോളേജിന്റെ മുന്നില്‍വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ കണ്ടാലറിയാവുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് നൂര്‍സലാം പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇലക്ഷന് കലാശക്കൊട്ടില്‍ സി.പി.എം പ്രവര്‍ത്തകനായ നൂര്‍സലാമും പ്രതികളിലൊരാളും തമ്മില്‍ ചെറിയ ഉരസല്‍ നടന്നിരുന്നു. അതിനെ തുടര്‍ന്നുള്ള അക്രമം ആകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തിന് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍, പ്രതികള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പൊലീസിനോട് സമ്മതിച്ചു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഈരാറ്റുപേട്ട സര്‍ക്കിള്‍ പ്രസാദ് എബ്രഹാം, എസ്.എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.