കൊല്ലം : നാഷണൽ സിവിൽ ഡിഫെൻസ് ഡേയിൽ കേരള ഫയർ & റെസ്ക്യു് സർവീസസ് പരവൂർ അഗ്നി ശമന നിലയത്തിലെ സിവിൽ ഡിഫെൻസ് സേന അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ അപകട സാധ്യത കൂടിയ മേഖലകളിലെ റോഡ് ദിശാ സൂചക ബോർഡുകൾ വൃത്തിയാക്കുകയും, പരിസര ശുചീകരണവും നടത്തി

മാതൃരാജ്യത്തേ പൗരന്മാരെ ബോധവാന്മാരാക്കുന്നതിനും സിവിൽ ഡിഫൻസിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമായി എല്ലാ വർഷവും ഡിസംബർ 6 ന് സിവിൽ ഡിഫൻസ് ദിനം ആഘോഷിക്കുന്നു. സിവിൽ ഡിഫൻസ് സേവനം പ്രതിസന്ധി ഘട്ടത്തിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതോടൊപ്പം സാധാരണക്കാരുടെ സുരക്ഷ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

സന്നദ്ധ സേനയായ സിവിൽ ഡിഫെൻസിന്റെ വിജയം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തേ ആശ്രയിച്ചിരിക്കുന്നതിനാൽ, സിവിൽ ഡിഫൻസിൽ പൊതുജന താൽപ്പര്യം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.

2020 ലെ ലോക സിവിൽ ഡിഫൻസ് ഡേയുടെ തീം “സിവിൽ ഡിഫെൻസ് ആൻഡ് എ ഫസ്റ്റ് ഐഡർ ഇൻ എവെരി ഹോം ” എന്നാണ് .ഏത് അടിയന്തിര സാഹചര്യങ്ങളിലും ആളുകളുടെ സംരക്ഷണത്തിനായി സ്വയം തയ്യാറാകുന്നതിനും സിവിൽ ഡിഫൻസിനെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങളുമായി സേന പ്രവർത്തിച്ചു വരുന്നു. കേരള ഫയർ ആൻ്റ് റെസ്ക്യൂ സർവ്വീസസിൻ്റെ നിഴലായി നിന്നുകൊണ്ട് നമ്മുടെ നാടിനായി മാതൃരാജ്യത്തിനായി സേവനം ചെയ്യാമെന്ന് അടിയുറച്ചു വിശ്വസിച്ച് കൊണ്ട് കൊല്ലം ജില്ലയിൽ പതിനൊന്നു നിലയങ്ങളിലായി 550 സിവിൽ ഡിഫെൻസ് സേന അംഗങ്ങൾ സേവനം ചെയ്തു വരുന്നു.

നാഷണൽ സിവിൽ ഡിഫെൻസ് ഡേയിൽ കൊല്ലം പരവൂർ അഗ്നി ശമന നിലയത്തിൽ നിന്നും 25 ഓളം സിവിൽ ഡിഫെൻസ് സേന അംഗങ്ങൾ സ്റ്റേഷൻ ഓഫീസർ ഡി ഉല്ലാസിന്റെ സാന്നിധ്യത്തിൽ അപകട സാധ്യത കൂടിയ മേഖലയായ ചാത്തന്നൂർ ഇത്തിക്കര പാലത്തിനു സമീപമുള്ള റോഡിലെ ദിശാ സൂചക ബോർഡുകൾ ശുചീകരണം നടത്തിയും പരിസര പ്രദേശങ്ങളിൽ കാടു പിടിച്ച ഭാഗം വൃത്തിയാക്കിയും ദിനാചരണം നടത്തി. പരവൂർ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി വിജയ കുമാർ, സിവിൽ ഡിഫെൻസ് സേന പോസ്റ്റ് വാർഡൻ രാജേന്ദ്രൻ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ രേഷ്മ നാഥ്, എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. കേരള ഫയർ & റെസ്ക്യു് സർവീസസ് കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ, സ്ഥലം സന്ദർശിച്ച് ആശംസകൾ അറിയിച്ചു. സിവിൽ ഡിഫെൻസ് സേന റീജിയണൽ ചീഫ് വാർഡൻ എ കെ നിഷാന്ത്,കടപ്പാക്കട സിവിൽ ഡിഫെൻസ് സേന അംഗം ഷിബു റാവുത്തർ, ഹാം റേഡിയോ ഓപ്പറേറ്റർ നവാസ് എന്നിവരും സ്ഥലത്ത് എത്തി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.