തൃശൂര്‍: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. ചിയ്യാരം വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ നീതുവിനെ (21) കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് കല്ലൂര്‍കോട്ടയില്‍ നിധീഷിനെ (27) യാണു കോടതി ശിക്ഷിച്ചത്.
2019 ഏപ്രില്‍ നാലിന് രാവിലെ 6.45-ഓടെയായിരുന്നു സംഭവം. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലാണു നീതുവിനെ വീടിന്റെ ശുചിമുറിയില്‍വച്ച് നിധീഷ് കൊലപ്പെടുത്തിയത്. കാക്കനാടുള്ള ഐടി കന്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങി വീട്ടിലെത്തി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേല്‍പ്പിച്ചു പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്. ജീവപര്യന്തം തടവിനൊപ്പം പ്രതി അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ പ്രതിയായ നിധീഷ് 17 തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.