നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ- ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കുചേരും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും. ഇതുകൂടാതെ റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം മുതല്‍ ജോലി നഷ്ടപ്പെടല്‍ വരെയാണ് പണിമുടക്കിന് കാരണങ്ങള്‍. ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങളില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, ബാങ്ക് ചാര്‍ജുകള്‍ കുറയ്ക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ സാമ്ബത്തിക വിരുദ്ധ നയങ്ങള്‍, തൊഴിലാളി വിരുദ്ധ തൊഴില്‍ നയങ്ങള്‍, രാജ്യത്തെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ എന്നിവയ്ക്കെതിരെയാണ് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ) പണിമുടക്കുന്നതെന്ന് വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ നിര്‍ത്തുക, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക, വന്‍കിട കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കുക, ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ബാങ്ക് ചാര്‍ജുകള്‍ കുറയ്ക്കുക, ബാങ്കിംഗ് റെഗുലേഷന് (ഭേദഗതി) ആക്റ്റ് 2020 റദ്ദാക്കുകയും സഹകരണ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയൊക്കെയാണ് പൊതുമേഖല ബാങ്ക് ജീവനക്കാരുടെ ആവശ്യം.