ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ടെലിവിഷന്‍ താരങ്ങളും ദമ്പതികളുമായ ഭാരതി സിങ്ങിനും ഹര്‍ഷ് ലിംബാച്ചിയയ്ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു. വാരാന്ത്യത്തില്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഇരുവരെയും അറസ്റ്റ് ചെയ്യുകയും ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ ജാമ്യാപേക്ഷ ഇന്ന് വാദം കേട്ടത്.
വിനോദ വ്യവസായത്തിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് അന്വേഷിക്കുന്ന എന്‍സിബി ഭാരതി സിങ്ങിന്റെ ഓഫീസിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ എന്‍സിബി 86.5 ഗ്രാം കഞ്ചാവാണ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. 1,000 ഗ്രാം വരെ കഞ്ചാവ് ചെറിയ അളവായി കണക്കാക്കുന്നുണ്ടെങ്കിലും ഇത് ആറുമാസം വരെ തടവും / അല്ലെങ്കില്‍ 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. വാണിജ്യ അളവായ 20 കിലോയോ അതില്‍ കൂടുതലോ കൈവശം വച്ചാല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. 20 കിലോയ്ക്ക് താഴെയാണ് അളവെങ്കില്‍ 10 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
മയക്കുമരുന്ന് കടത്തുകാരനെ ചോദ്യം ചെയ്യുന്നതിനിടെ ഭാരതി സിങ്ങിന്റെ പേര് ഉയര്‍ന്നിരുന്നു. എന്‍ഡിപിഎസ് നിയമത്തിലെ 20 (ബി) (ശശ) (എ) (ചെറിയ അളവില്‍ മയക്കുമരുന്ന് ഉള്‍പ്പെടുന്നു), 8 (സി) (മയക്കുമരുന്ന് കൈവശം വയ്ക്കല്‍), 27 (മയക്കുമരുന്ന് ഉപഭോഗം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭാരതി സിംഗ്, ഹാര്‍ഷ് ലിംബാച്ചിയ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നത്.