തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങുന്നു. രവീന്ദ്രന് കോവിഡ് നെഗറ്റീവായി എന്ന് അറിയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. അടുത്തയാഴ്ച നോട്ടീസ് നല്കി വിളിപ്പിക്കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തില്‍ എന്ന് ചോദ്യം ചെയ്യണമെന്നതടക്കമുള്ള വിഷയങ്ങളില്‍ ഇഡി തീരുമാനമെടുക്കും. രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിച്ചിരുന്നതാണ്. എന്നാല്‍ അതേസമയം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെക്കുകയായിരുന്നു ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ സൂചനയാണ് സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വ്യക്തമാകുന്നത്. എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സിഎം രവീന്ദ്രന്. ശിവശങ്കറിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി വിളിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടി. നേരത്തെ സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് അഴിമതിയുമായും ബന്ധപ്പെട്ട് ശിവശങ്കര്‍ കുടുങ്ങിയപ്പോള്‍ തന്നെ വിവാദങ്ങളില്‍ സിഎം രവീന്ദ്രന്റെ പേരും ഉയര്‍ന്നിരുന്നു.
അതിനിടെ പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം എടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അന്വേഷണ സംഘങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ശബ്ദരേഖയിലൂടെ സ്വപ്ന ഉയര്‍ത്തിയത്.