ഡൽഹി : ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാരിനോടും പോലീസിനോടും മറുപടി നല്കാന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കുന്നില്ല, കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങള്‍ കൂടി പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
46 ദിവസമായി മഥുര ജയിലില്‍ കഴിയുകയാണ് സിദ്ദിഖ് കാപ്പന്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവേയാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ മാന്ദ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. ഹാഥ്റസ് കൊലപാതകത്തെ തുടര്‍ന്ന് ജാതി സ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന കേസ് കഴിഞ്ഞ മാസം നാലിനും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒന്നരമാസത്തോളമായി പൊലീസ് കസ്റ്റഡിയിലാണ് കാപ്പന്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.
