വൈക്കം : മൂവാറ്റുപുഴയാറില്‍ ചാടിയ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂച്ചാക്കല്‍ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ആലപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹം കൊല്ലത്തുനിന്ന് കാണാതായ അമൃതയുടേതാണ്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച എട്ട് മണിയോടെയാണ് യുവതികള്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറിലേക്ക് ചാടിയത്. ഉച്ചമുതല്‍ രണ്ടുപേരെയും പ്രദേശത്ത് നാട്ടുകാര്‍ കണ്ടിരുന്നു. ഏഴ് മണിയോടെ പാലത്തിലൂടെ ഇവര്‍ നടന്നുപോകുന്നതും കണ്ടവരുണ്ട്. അധികം വൈകാതെ ഇരുവരും ആറ്റിലേക്ക് എടുത്തുചാടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഒരു തൂവാലയും ചെരുപ്പും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ചടയമംഗലത്തു നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായിരുന്നു. സ്ഥലത്തു നിന്ന് കണ്ടെത്തിയ ചെരുപ്പും തൂവാലയുമാണ് ചാടിയത് ചടയമംഗലത്തെ കുട്ടികളാണെന്ന് സംശയിക്കാന്‍ കാരണം. ഇവരുടെ ബന്ധുക്കളും വൈക്കതെത്തി.
ചടയമംഗലത്ത് നിന്ന് കാണാതായവരുടെ മൊബൈല്‍ റേഞ്ച് തിരുവല്ലവരെ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം ഫോണ്‍ ഓഫായി എന്നാണ് അനുമാനിക്കുന്നത്. പാലത്തിനു താഴെ നല്ല ആഴവും ഒഴുക്കുമുള്ളതിനാല്‍ തിരച്ചിൽ പ്രയാസകരമായിരുന്നു .