തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികളുടെ പത്രികാസമര്‍പ്പണവും ആരംഭിച്ചു. ആദ്യദിവസം 72 പത്രികകള്‍ ലഭിച്ചു.
പന്ത്രണ്ട് പത്രിക ലഭിച്ച മലപ്പുറം ജില്ലയാണ് മുന്നില്‍. കാസര്‍കോട് ജില്ലയില്‍ ആരും നല്‍കിയില്ല.
തിരുവനന്തപുരത്തും കണ്ണൂരിലും എറണാകുളത്തും 4 വീതം, കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ 8 വീതം, ആലപ്പുഴയിലും തൃശൂരിലും 6, ഇടുക്കിയില്‍ 7, കോട്ടയത്ത് 9,വയനാടും കോഴിക്കോടും ഒന്ന്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് കണക്ക്.
തിരഞ്ഞെടുപ്പ് ജോലിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ഇ.ഡ്രോപ്പ് നടപടിയും തുടങ്ങി. വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റാ തയ്യാറാക്കി അത് റാന്ഡമൈസേഷന് നടത്തി ജീവനക്കാരെ നിയോഗിക്കുന്ന രീതിയാണിത്. ആദ്യഘട്ടത്തില്‍ ഏത് തദ്ദേശസ്ഥാപനത്തിലാണ് നിയോഗിക്കപ്പെടുന്നതെന്നും എവിടെയാണ് പരിശീലനമെന്നും നിശ്ചയിക്കും. വോട്ടെടുപ്പിന് രണ്ടുദിവസം മുമ്ബാണ് ഏത് പോളിംഗ് സ്റ്റേഷനിലാണ് ഡ്യൂട്ടിയെന്ന് അറിയാനുള്ള ഇ.ഡ്രോപ്പ് നടത്തുക.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വി. ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു.
