തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയുടെമൃതദേഹം മാറി നല്കിയ സംഭവത്തില്‍ മോര്‍ച്ചറി ജീവനക്കാരനെതിരെ നടപടി. മോര്‍ച്ചറി ചുമതലയുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. ആര്.എം.ഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം വെണ്ണിയൂര്‍ സ്വദേശി ദേവരാജന്‍ ഈ മാസം ഒന്നിന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്. 57 കാരനായ ദേവരാജന്‍ മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തീയതി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു. എന്നാല്‍ വിദേശത്ത് നിന്ന് വന്ന മകന് സംസ്കാരത്തിന് മുൻപ് മുഖം കാണുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറി നല്‍കിയത് വ്യക്തമായത്.
ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാത മൃതദേഹമാണ് സംസ്കരിച്ചത്. സംഭവത്തില്‍ ആര്.എം.ഒ മോഹന്‍ റോയ് നടത്തിയ അന്വേഷണത്തില്‍ മോര്‍ച്ചറി ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തല്‍. മോര്‍ച്ചറി ചുമതലയുണ്ടായിരുന്ന ടെക്നീഷ്യനടക്കമുള്ള രണ്ട്ജീവനക്കാര്ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
