കല്പറ്റ നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനയോഗം സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കേരള ജല അതോറിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഗാര്‍ഹിക കുടിവെളള കണക്ഷന് നല്കുന്ന ജലജീവന്‍ പ്രവര്‍ത്തനങ്ങളാണ് യോഗത്തിൽ അവലോകനം ചെയ്തത്. ആദ്യഘട്ടത്തിൽ മുട്ടില്‍, വെങ്ങപ്പളളി, തരിയോട്, മൂപ്പൈനാട്, വൈത്തിരി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ എന്നീ ഏഴ് ഗ്രാമ പഞ്ചായത്തുകളിലാണ് കണക്ഷൻ നൽകുന്നത്. കേരള ജല അതോറിറ്റി മുഖേന 3370 ഗാർഹിക കണക്ഷനും ഭൂജലവകുപ്പ് മുഖേന 170 കണക്ഷനും ജലനിധി മുഖേന 1100 കണക്ഷനുമാണ് നൽകുന്നത്. മണ്ഡലത്തിലെ കോട്ടത്തറ, പൊഴുതന, മേപ്പാടി പഞ്ചായത്തുകളിൽ രണ്ടാം ഘട്ടത്തിൽ കണക്ഷൻ നൽകുന്നതോടെ 4640 കുടിവെള്ള കണക്ഷനുകളാണ് മണ്ഡലത്തിൽ നൽകുന്നത്. 2024 നകം മണ്ഡലത്തിന്റെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും കുടിവെള്ള കണക്ഷൻ നൽകുന്നതിനാവശ്യമായ വിശദമായ എഞ്ചിനീയറിംഗ് റിപ്പോർട്ട് (ഡി.ഇ.ആർ) ഉടൻ തയ്യാറാക്കാൻ എം.എൽ.എ ജല അതോറിറ്റിയ്ക്ക് നിർദേശം നൽകി.
മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി. ഭരതൻ, ബിനു ജേക്കബ്, ആർ. യമുന, നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ സി. ഗോപി, ഷീജ സെബാസ്റ്റ്യൻ, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി. തുളസീധരൻ, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

