കൊട്ടാരക്കര ചന്തയ്ക്ക് സമീപത്തെ താത്കാലിക കശാപ്പ് ശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാൾക്ക് കൊവിഡ് നെഗറ്റീവ്. പരിശോധനാ ഫലം വന്നതോടെ ആശങ്ക അകന്നു. കൊട്ടാരക്കര ചന്തമുക്ക് കിഴക്കേക്കര വെട്ടിക്കാട്ട് വീട്ടിൽ അലാവുദ്ദീൻ (58) ആണ് മരിച്ചത്. ചന്തയിലെ ഇറച്ചി വിൽപ്പന ലേലം പിടിച്ചിട്ടുള്ള ജലാലിന്റെ ജീവനക്കാരനായ അലാവുദ്ദീൻ ചന്തയിൽ ആട്ടിറച്ചി വിൽപ്പനയ്ക്കായി ആടുകളെ കശാപ്പ് ചെയ്യാനായി ഇന്നലെ പുലർച്ചെ എത്തിയതാണ്. സമീപത്തെ സ്വകാര്യ പറമ്പിലെ ഷെഡിൽ ആടുകളെ കശാപ്പ് ചെയ്യാൻ പോയ ഇദ്ദേഹത്തെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ മറ്റ് ജീവനക്കാർ ചെന്ന് നോക്കിയപ്പോഴാണ് തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണത്തിൽ ദുരൂഹത ഇല്ലെന്നും കൊട്ടാരക്കര പൊലീസ് അറിയിച്ചു.
