പാലക്കാട് : മലമ്പുഴ വേനോലിയിലാണ് സംഭവം. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പാടശേഖരത്തിലിറങ്ങിയ കാട്ടാന മരം മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി. വർഷങ്ങളായി പ്രദേശത്ത് സാന്നിധ്യമുള്ള ഏകദേശം മുപ്പത്തിയഞ്ച് വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്.

നെൽപ്പാടത്ത് കിടക്കുന്ന ജഡം മറവു ചെയ്യുന്നതിനായി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വ്യാപകമായി കാട്ടാന ശല്യമുള്ള മേഖലയാണിത്. വനം വകുപ്പിന്റെ ജാഗ്രത കുറവ് മൂലമാണ് കാട്ടാന ജനവാസ മേഖലയിലേക്കും വയലിലേക്കും മറ്റും ഇറങ്ങുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടാന ശല്യം ഒഴിവാക്കാൻ നടപടി വേണമെന്നും നാട്ടുകാർ പറഞ്ഞു.