കോഴിക്കോട്: കൊവിഡ് രോഗവ്യാപനം തടഞ്ഞുനിര്‍ത്തുന്നതിനായി പൊതുസമൂഹത്തിന്റെ പങ്കാളിത്തമുണ്ടാവണമെന്ന് കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് അധ്യക്ഷനായിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നില്ക്കാന് യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പൊതുനിയന്ത്രണങ്ങള്‍ എല്ലാ തലത്തിലും നടപ്പാക്കാന്‍ ജാഗ്രതപുലര്‍ത്തണം. പ്രാദേശിക തലങ്ങളില്‍ രോഗത്തിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പൊതുപങ്കാളിത്തം ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് സര്‍വകക്ഷി യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
