കൊട്ടാരക്കര : മുന്നൂറ്മയക്കുമരുന്ന് ഗുളികകളുമായി ബൈക്ക് സ്റ്റണ്ട് ഷോക്കാരനെയും വനിതാ സുഹൃത്തിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം മുസ്തഫ കോട്ടേജിൽ അംബേദ്കർ (22), സുഹൃത്തായ കൊറ്റങ്കര തട്ടാർകോണം പേരൂർ വയലിൽ പുത്തൻവീട്ടിൽ മിനി(38) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഓയൂർ ചുങ്കത്തറയിലെ വാഹനപരിശോധനയിലാണ് ലഹരികടത്തിന് ഉപയോഗിച്ച എൻഫീൽഡ് ഹിമാലയൻ വാഹനവുമായി ഇരുവരും പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രധാന ലഹരിമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്നാണ് സ്ഥീരീകരണം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സ്റ്റണ്ട് ഷോ നടത്തുന്ന ആളാണ് ഒന്നാംപ്രതി അംബേദ്കർ. കൊട്ടിയത്ത് നടന്ന ബൈക്ക് സ്റ്റണ്ട് ഷോയിലാണ് പ്രതികൾ പരിചയപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയാണ് ഗുളികകൾ കൈമാറിയത്. അമിത വേഗതയിൽ ബൈക്ക് ഓടിക്കാനുള്ള കഴിവാണ് അംബേദ്കറിനെ ലഹരിമരുന്ന് സംഘത്തിന് പ്രിയങ്കരനാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ എൻ. ജി.അജയകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഷാഡോ അംഗങ്ങളായ അരുൺ, അശ്വന്ത്, ഷാജി, അനിൽ കുമാർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഗുളികകളുടെ ഉറവിടം, വിൽപ്പന കേന്ദ്രങ്ങൾ, ഉപഭോക്താക്കൾ എന്നിവരെപ്പറ്റി സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്
