പത്തനംതിട്ട : ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച കേസില്‍ സി.ബി.ഐ സംഘം പ്രാഥമികാന്വേഷണം നടത്തി.എസ്.പി നന്ദകുമാര്‍, ഡിവൈ.എസ്.പി അനന്തകൃഷ്ണന് എന്നിവര്‍ മത്തായിയുടെ ഭാര്യ ഷീബാമോള്, സഹോദരന് പി.പി. വില്‍സണ്‍ എന്നിവരെ തിരുവനന്തപുരം ഓഫീസില്‍ വിളിച്ചുവരുത്തി സംസാരിച്ചു. നാല് മണിക്കൂറോളം കുടുംബാംഗങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തി. കുടുംബത്തിന്റെ അഭിഭാഷകരായ ജോണി കെ. ജോര്‍ജും അലനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
മത്തായിയുടെ മരണം സി.ബി.ഐക്ക് കൈമാറി വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന് എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ കേസിന്റെ പ്രാഥമികാന്വേഷണം ആരംഭിക്കുകയായിരുന്നു. മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത് ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞിട്ടുമതിയെന്ന് സി.ബി.ഐ സംഘം നിര്‍ദ്ദേശിച്ചു. നിലവിലെ കേസ് ഡയറിയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ചശേഷം റീ പോസ്റ്റുമോര്‍ട്ടം വേണമോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കും.