ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ വിമര്‍ശിച്ച് സുപ്രിം കോടതി. സാമ്പത്തിക താല്പര്യം മാത്രം നോക്കി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കുകയാണ്. ഇത്തരം സമീപനം അസാധാരണമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വിമര്‍ശിച്ചു.
മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ചില ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ അത് വിവേചനം അല്ലേ. ജഗന്നാഥന് ഞങ്ങളോട് ക്ഷമിക്കട്ടെ നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിക്കാമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ച് മഹാരാഷ്ട്രയിലെ മൂന്നു ക്ഷേത്രങ്ങള്‍ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. എന്നാല്‍ ഈ വിധി മറ്റു ക്ഷേത്രങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് മറ്റു കേസുകള്‍ക്കോ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബോബ്സെ,ജസ്റ്റിസ് എ എസ് ബൊപ്പണ്ണ,ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം