ചെന്നൈ : തമിഴ്നാട്ടില്‍ ആഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് രാവിലെ മെഡിക്കല്‍ വിദഗ്ധ സമിതിയുമായ കൂടിയാലോചനക്കുശേഷമാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. രോഗബാധയും മരണനിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടതില്ല എന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
അന്തര്‍ ജില്ല -സംസ്ഥാന യാത്രക്ക് നിലവിലുള്ള ഇ-പാസ് സംവിധാനം തുടരും. ആഗസ്റ്റ് മാസത്തിലെ ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണായിരിക്കും. സംസ്ഥാനത്തിനകത്തും അന്തര്‍ സംസ്ഥാന റൂട്ടുകളിലും ബസ് സര്‍വീസ് പുനരാരംഭിക്കില്ല. പലചരക്ക് കടകളും പച്ചക്കറികടകളും രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെ തുറക്കാം.
ലോഡ്ജുകള്‍, ഹോട്ടലുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവക്കുള്ള നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്ബനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ 75 ശതമാനം വരെ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാം. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് മാത്രമാണുണ്ടായിരിക്കുക.നഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന ആരാധാനാലയങ്ങള്‍ തുറക്കില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് തുടരും.