സ്കൂൾ തുറക്കാൻ താമസം ഉണ്ടായാൽ സിലബസ് കുറയ്ക്കും
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്തു മാത്രമേ ഇത്തരത്തിൽ തീരുമാനിക്കാനാവൂ. എല്ലാ ജില്ലകളിലെയും കോവിഡ് വ്യാപനം ഒരു പോലെയല്ലാത്ത സാഹചര്യമാണ്. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്റെ തീവ്രതയിൽ വ്യത്യാസമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജൂലൈ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാദ്ധ്യതയുണ്ട്.
സ്കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമാണ് സിലബസ് കുറക്കുന്നതിന് കുറിച്ച് ആലോചിക്കൂ. സ്കൂളുകള്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ്. മഴ കനത്താല്‍ ആളുകളെ പാര്‍പ്പിക്കാനും സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ ഉപയോഗിക്കുന്ന സ്കൂളുകളുടെ ശുചീകരണം, അണുനശീകരണം, പൂര്‍ത്തിയാക്കിയാലേ തുറക്കാനാകൂ.