പാലക്കാട് : ജില്ലയിൽ ആധുനിക നെല്ല് സംഭരണ സംസ്കരണ പ്ലാന്റ് നിർമാണം പൂർത്തിയാകുന്നതോടെ നെല്ല് സംഭരണവും സംസ്കരണവും കൂടുതൽ മെച്ചപ്പെട്ട നിലയിൽ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണമ്പ്രയിൽ ആരംഭിക്കുന്ന ആധുനിക നെല്ല് സംഭരണ സംസ്കരണ പ്ലാന്റ് ശിലാസ്ഥാപനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നെൽ കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച പ്രതിദിനം ഒരു ലക്ഷം മെട്രിക് ടൺ സംസ്കരണശേഷിയുള്ള ആധുനിക റൈസ് മിൽ നബാർഡിന്റെ സാങ്കേതികസഹായത്തോടെയാണ് നിർമ്മിക്കുന്നത്. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ നൽകാനും ബാക്കിയുള്ളത് സ്വന്തം നിലയിൽ വിപണനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ 50 പേർക്ക് പ്രത്യക്ഷമായും നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച സുഭിക്ഷ പദ്ധതിയിലൂടെ യുവജനങ്ങൾ ധാരാളമായി കാർഷിക മേഖലയിൽ സജ്ജീവമാണ്. ഇത്തരത്തിലുള്ള കർഷക കൂട്ടായ്മകൾക്ക് സഹകരണ സ്ഥാപനങ്ങൾ വഴി കാർഷിക വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ സ്ഥലം സ്വന്തമല്ലെന്ന കാരണത്താലും ഒരു വ്യക്തിയല്ല വായ്പയ്ക്ക് അപേക്ഷിക്കുന്നത് എന്ന കാരണത്താലും വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരം പ്രതിസന്ധികൾ ഇനി ഉണ്ടാകില്ലെന്നും സ്വയംസഹായ ഗ്രൂപ്പുകളെ ഒരു വ്യക്തിയെന്ന നിലയിൽ പരിഗണിച്ച് സഹകരണ സംഘങ്ങൾ വായ്പ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാർഡുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഇത് കാർഷിക മേഖലയിൽ വലിയ ഉണർവ്വ് ഉണ്ടാക്കും. നെല്ലിനു പുറമേ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, ഫലവർഗങ്ങൾ എന്നീ കൃഷിയും പ്രോത്സാഹിപ്പിക്കും. കൂടാതെ മത്സ്യകൃഷി, പശുവളർത്തൽ എന്നിവയും സുഭിക്ഷ കേരളം പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക പ്രധാനമാണ്. അതിനായി കാർഷികമേഖലയ്ക്ക് വലിയതോതിൽ ഉണർവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോവിഡ് 19 നെ വളരെ ജാഗ്രതയോടെ നേരിടുകയും പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുകയും ചെയ്യുന്നതിനോടൊപ്പം കാർഷിക ഉണർവിനായുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് തരിശുനിലങ്ങൾ ഏറ്റെടുത്ത് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ആരംഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.