സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുന്നന്നൂർ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിന്റെ നെൽകൃഷിയിടത്തിലെ വരമ്പുകളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി നിർവഹിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അധ്യക്ഷയായി.

ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ മത്സ്യകൃഷി, പാടവരമ്പത്ത് പച്ചക്കറി കൃഷി, മണ്ണ് ജലസംരക്ഷണപ്രവൃത്തികൾക്കായി 10 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. പച്ചക്കറി കൃഷിയുടെ ആദ്യഘട്ടമെന്ന നിലയിൽ കുറ്റിപ്പയർ കൃഷിയാണ് കുന്നന്നൂർ സീഡ് ഫാമിൽ ആരംഭിച്ചിരിക്കുന്നത്.