തൃത്താല : വെള്ളിയാങ്കല്ല് കൊടിക്കുന്ന് പാതയോരം കാടുമൂടിയ നിലയിലായതിനാൽ യാത്രക്കാർ ദുരിതക്കയത്തിൽ അടുത്തിടെ നവീകരിച്ച റോഡിന്റെ ഇരുവശങ്ങളിലും ചെടികളും വള്ളിപ്പടർപ്പുകളും വളർന്നു വലുതായതിനാൽ കാൽനടയും വാഹന യാത്രയും അതീവ ദുസ്സഹമാണ് വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ കാടുമൂടിയ ഭാഗത്തിലൂടെയാണ് നിലവിൽ യാത്രക്കാർ നടക്കേണ്ടി വരുന്നത്. ഇരുവശങ്ങളിലും വിശാലമായ പാടം ആയതിനാൽ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. മംഗലം ഭാഗത്ത് റോഡിൽ വശങ്ങളിൽ കാട് വളർന്ന് കാഴ്ച മറച്ചു വാഹന യാത്രക്കാർക്ക് വലിയതോതിൽ അപകടഭീഷണിയുയർത്തുന്നു. പാതയോരത്തെ വളവിൽ ദിശാസൂചികാ ബോർഡുകളിൽ ചിലത് കാടുകയറി പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിധം മറഞ്ഞു പോയിട്ടുമുണ്ട്. മുൻവർഷങ്ങളിൽ പാതയോരത്തെ പൊന്തക്കാട്ടിൽ നിന്ന് ഇഴജന്തുക്കൾ മുന്നിൽ ചാടി വാഹനം അപകടത്തിൽ പെട്ട് ആളപായം വരെ ഉണ്ടായിട്ടുണ്ട്. ഏകദേശം 2 കിലോമീറ്റർ ദൂരത്തോളം ഈ ദുരിത സ്ഥിതി തന്നെയാണ്. പാതയോരത്ത് കാട് കയറിയ ഭാഗം എത്രയും വേഗം വെട്ടി നീക്കി കാൽനടയാത്രയും ഗതാഗതവും സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
