ജനീവ : കൊറോണ വൈറസ് വായുവിലൂടെയും പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയും. വായുവിലൂടെ രോഗാണു പടരില്ലെന്നായിരുന്നു ഇതുവരെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്. കോവിഡ് രോഗവിഭാഗം ടെക്നിക്കല്‍ ലീഡായ മരിയ വാന്‍ കെര്‍ഖോവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഇത് സംബന്ധിച്ച പഠനം നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം, കോവിഡ് വായുവിലൂടെ പടരുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പർക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നല്‍കുകയായിരുന്നു.